‘ഖിദ്മയുടെ ചാദറുകൾ’ കവർ പ്രകാശനം ചെയ്തു.

പൂനൂർ: സുൽതാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)വിൻ്റെ സമഗ്ര ചരിത്രവും ജീവിത ദർശനങ്ങളും പങ്കുവെക്കുന്ന ഡോ : മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച ‘ഖിദ്മയുടെ ചാദറുകൾ’ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു. മർകസ് ഗാർഡൻ ഉർസേ അജ്മീർ വേദിയിൽ അജ്മീർ ദർഗ സജ്ജാദേ നശീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തിയാണ് പ്രകാശനം നിർവ്വഹിച്ചത്. വർത്തമാന ഇന്ത്യയിലെ അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രീയ പരിപ്രേക്ഷത്തിൽ തീർച്ചയായും ഖാജ(റ) ഉയർത്തിപ്പിടിച്ച മാനവിക ദർശനങ്ങൾക്കും സൗഹാർദ്ദ സന്ദേശങ്ങൾക്കും വലിയ പ്രസക്തിയുണ്ടെന്നും ബഹുസ്വര മൂല്യങ്ങളുടെ പ്രകാശനമായ നിറഭേദങ്ങളില്ലാതെ ജനങ്ങളൊഴുകുന്ന അജ്മീർ ദർഗയും ഗരീബ് നവാസ് ഉയർത്തിയ ആശയങ്ങളും പകർന്ന് സ്നേഹത്തിൻ്റെ പുതിയ സാമൂഹിക നിർമ്മിതിക്ക് കരുത്ത് പകരാൻ ഈ രചനക്ക് സാധിക്കുമെന്നും പ്രകാശനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു. ശൈഖ് അതാബക് ശുകുറോവ് ലണ്ടൻ, സയ്യിദ് അബ്ദുൽ ഫത്താഹ് അൽ അഹ്ദൽ അവേലം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സി. പി ഉബൈദുല്ല സഖാഫി, സി. പി ശാഫി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. വിശുദ്ധ ഇസ്ലാമിൻ്റെ സൗന്ദര്യവും വിശാലതയും ഉൾച്ചേർന്ന സൂഫി ജീവിതപ്പകർപ്പുമായി ഇന്ത്യയുടെ ബഹുസ്വര ഭൂമികയോട് ക്രിയാത്മകമായി സംവദിച്ച ഖാജ(റ) വിൻ്റെ വൈജ്ഞാനിക – ഖിദ്മ – സാമൂഹിക പ്രവർത്തനങ്ങളും ആത്മീയ ജീവിത പരിസരങ്ങളെയും മനോഹരമായി ആഖ്യാനിക്കുന്ന രചനയിൽ ചരിത്രം, രാഷ്ട്രീയം, വിജ്ഞാനം, ആത്മീയത, ബഹുസ്വരത തുടങ്ങി വ്യത്യസ്ത രംഗത്ത് ഖാജ(റ) നിർവ്വഹിച്ച സേവന ദൗത്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.ജാമിഅ മദീനതുന്നൂർ ഗ്ലോക്കൽ മീഡിയയാണ് പുസ്തകത്തിൻ്റെ പ്രസിദ്ധീകരിണം നിർവഹിക്കുന്നത്.

ഫോട്ടോ: ‘ഖിദ്മയുടെ ചാദറുകൾ’ കൃതിയുടെ കവർ പ്രകാശനം സജ്ജാദേ നശീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തി നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top