കോഴിക്കോട്: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കം. ‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ പോസ്റ്റ് മോഡേൺ ലിബറൽ- സ്വാർത്ഥ തിരസ്കാരങ്ങളെയും പ്രതിസന്ധിയെയും കളക്ടീവ് മെമ്മറിയിലൂടെ പുനർവിചിന്തനം നടത്തുകയാണ്. സാംസ്കാരിക – പാരമ്പര്യങ്ങളുടെ സംഗമവും തുടിക്കുന്ന ഓർമ്മകളും ചരിത്രശീലുകളുമാണ് ഭാവി-വർത്തമാനത്തെ നിർണ്ണയിക്കേണ്ടതെന്നും തീം ആവശ്യപ്പെടുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തി. പരിപാടിയുടെ ഭാഗമായി ഹിസ്റ്ററി കോൺക്ലേവ്, കൾച്ചറൽ റിട്രീറ്റ് , കോസ്മോ സാപ്പിയൻ ആർട്ട് ഗാലറി, വി.ആർ എക്സിബിഷൻ, മീഡിയ സമ്മിറ്റ്, സ്കോളർ ടോക്ക് എന്നിവ നടക്കും. അഞ്ച് കാറ്റഗറികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റൊന്റിവ്യൂ’23 ഹോം മത്സരങ്ങൾ ജനുവരി 10,11,12 തിയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് നടക്കുക. റൊന്റിവ്യൂ ഒഫീഷ്യൽ ആപ്പ് വഴി രെജിസ്ട്രേഷൻ ആരംഭിച്ചതായി ചെയർമാൻ ഹംദാൻ ഇബ്രാഹിം അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ജാമിഅ മദീനതുന്നൂറിന്റെ 20 ലേറെ കാമ്പസുകളിൽ യൂണിറ്റ് മത്സരങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കുമെന്ന് ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് സ്റ്റുഡൻസ് അഫേയ്സ് ശിബിലി ത്വാഹിർ നൂറാനി അറിയിച്ചു.

