ബ്രെയിൻ റോട്ടിനെ അതിജയിക്കാൻ സ്വയം നിയന്ത്രണം അനിവാര്യം: പാനൽ ഡിസ്കഷൻ

പൂനൂർ: കൃത്രിമ ബുദ്ധിയും സമൂഹ മാധ്യമങ്ങളും മനുഷ്യനെ ബ്രെയിൻ റോട്ടിന് ഇരയാക്കുന്ന ആൽഫാ സി ജെൻ യുഗത്തിൽ സ്വയം തിരഞ്ഞെടുപ്പും നിയന്ത്രണവുമാണ് ഏക രക്ഷാമാർഗമെന്ന് പാനൽ ഡിസ്‌കഷൻ അഭിപ്രായപ്പെട്ടു.
‘റീലും റിയലും ബ്രെയിൻ റോട്ടും: ആൽഫാ സി ജനറേഷൻ വർത്തമാനങ്ങൾ’ എന്ന വിഷയത്തിലാണ് ചർച്ച നടന്നത്. യൂസുഫ് നൂറാനി (സീനിയർ റിസർച്ച് ഫെലോ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി), അഹ്മദ് ഷെറീൻ (സൈക്കോളജിസ്റ്റ്), ഹുസൈൻ അഹമ്മദ് (റിസർച്ച് ഫെലോ, എൻ.ഐ.റ്റി കാലിക്കറ്റ്) എന്നിവരാണ് ചർച്ചക്ക് നേതൃത്വം നൽകിയത്.

സോഷ്യൽ മീഡിയ അഡിക്ഷൻ മനുഷ്യനിൽ നോമോഫീബിയ സൃഷ്ടിക്കുമെന്നും അത് മനുഷ്യൻ്റെ വൈജ്ഞാനിക ശേഷിയെ മുരടിപ്പിക്കുമെന്നും അഹ്മദ് ഷെറീൻ അഭിപ്രായപ്പെട്ടു. ഒരേ സമയം പരസ്യം പ്രദർശിപ്പിക്കുന്നതിന് സംരംഭകരിൽ നിന്നും, പരസ്യം ഒഴിവാക്കുന്നതിന് പ്രേക്ഷകരിൽ നിന്നും പണം ഈടാക്കുന്ന യൂട്യൂബിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചു. സോഷ്യൽ മീഡിയ, അൽഗോരിതങ്ങൾ വർക്ക് ചെയ്യുന്ന സ്വതന്ത്ര ലോകമാണന്നും അത് മനസ്സിലാക്കാതെ മാറി നിൽക്കുന്നതിന് പകരം അതിനെ സ്വാംശീകരിച്ച് പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനുഷിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന കണ്ടൻ്റുകളാണ് ദൈർഘ്യം കുറഞ്ഞ ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്ടുകളും പുതുതലമുറക്ക് കൈമാറുന്നത്. അത് മനുഷ്യൻ്റെ മാനസിക-ശാരീരിക ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്ന് ഹുസൈൻ അഹമ്മദ് അഭിപ്രായപ്പെട്ടു. നമ്മുടെ ഓരോ ചലനങ്ങളും സോഷ്യൽ മീഡിയയുടെ റെക്കമെന്റേഷൻ സിസ്റ്റത്തെ സ്വാധീനിക്കുന്നുണ്ടെന്നും പുതുതായി ജോയിൻ ചെയ്യുന്നവർക്ക് പോലും ട്രെൻഡിന്റെയും ടൈം സോണിന്റെയും അടിസ്ഥാനത്തിൽ എക്സ്പ്ലോറേഷൻ റെക്കമെന്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമയ ക്രമീകരണത്തിന് ഇസ്ലാം നൽകുന്ന പ്രാധാന്യത്തെ ഉണർത്തി കൊണ്ടാണ് യൂസുഫ് നൂറാനി സംസാരിച്ചത്. അനാവശ്യമായതിനെ ഒഴിവാക്കുകയും പരിധികൾ നിശ്ചയിച്ച് നിയന്ത്രിതമായി ജീവിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉണർത്തി. പുതിയകാലത്ത് ജീവിതം ചിട്ടപ്പെടുത്തുന്നതിന് ഡിജിറ്റൽ മിനിമലിസം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top