റോന്റിവ്യൂ’24; ലൈഫ് ഫെസ്റ്റിവലിന് പ്രൗഢസമാപ്തി

പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റിവ്യൂ’24 ന് പ്രൗഢ സമാപ്തി. അറിഞ്ഞും പറഞ്ഞും കഴിഞ്ഞ മൂന്ന് ദിവസം ശബ്ദമുഖരിതമായിരുന്ന മർകസ് ഗാർഡൻ കലാനഗരി ഇതോടെ ശാന്തമായി. ജാമിഅ മദീനതുന്നൂരിന്റെ 29 ക്യാമ്പസുകളിൽ നിന്നുള്ള 1300 ലധികം വിദ്യാർത്ഥികളാണ് പൂനൂരിലേക്ക് ജീവിതം ആ സ്വദിക്കാനെത്തിയത്. അകലങ്ങൾ അറിയുന്നു എന്ന പ്രമേയത്തെ പൂർണ്ണാർത്ഥത്തിൽ ആഘോഷിച്ച റോന്റിവ്യൂ’24 അതിന്റെ നടത്തിപ്പും എ.ഐ വിസ്മയങ്ങൾ കൊണ്ടും ശ്രദ്ധേയമായി. മദീനതുന്നൂർ വിദ്യാർത്ഥികളായ സാഹിയും ഉസ്മാനും വികസിപ്പിച്ചെടുത്ത റോന്റിവ്യൂ വർക്സ്പേസ് വെബ് പോർട്ടൽ റോൻ്റിവ്യു സംഘാടനത്തെ സുഗമമാക്കി. മിണ്ടിയും പറഞ്ഞും നേതൃത്വത്തിന്റെ മനതലങ്ങളിൽ കയറിപ്പറ്റിയ ഓർബിറ്റ് റോബോ സ്പേസ് സയൻസ് വിദ്യാർത്ഥിയായ ഹിഷാമാണ് നിർമ്മിച്ചെടുത്തത്. കൃത്യമായി പ്രതികരിക്കുകയും റിസൾട്ടുകൾ അറിയിക്കുകയും ചെയ്തു കൊണ്ട് റോബോ ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണമായി.
സമാപന സംഗമത്തിൽ മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ മദീനതുന്നൂർ സീനിയർ മുദരിസ് മുഹ്‌യുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാര വിജയികളെ പ്രഖ്യാപിച്ചു. മൈനർ,പ്രീമിയം,സബ് ജൂനിയർ,ജൂനിയർ,സീനിയർ കാറ്റഗറികളിലായി നടന്ന ഇന്റർ ക്യാമ്പസ് കലാപോട്ടത്തിൽ സി.എം മർകസ് മമ്പീതി (മൈനർ) ബൈതുൽ ഇസ്സ നരിക്കുനി (പ്രീമിയർ, സബ് ജൂനിയർ) മർകസ് ഗാർഡൻ (ജൂനിയർ)മർകസ് ഗാർഡൻ പി.ജി 2 എന്നിവർ ചാമ്പ്യൻമാരായി. അബ്ദുൽ റഷീദ് റാസിഖ് (ബൈതുൽ ഇസ്സ), അബ്ദുള്ള ആദിൽ മിൻഹാജ് (ഹസനിയ്യ ഐക്കരപ്പെടി),അബ്ദുള്ള വാസിൽ റഷീദ് (ദാറുൽ ഹിദായ) ഫലാഹ് അബ്ദുൽ ലത്തീഫ് (ഇമാം റബ്ബാനി) സിനാർ നൗഷാദ് (മർകസ് ഗാർഡൻ) അൻഷിഫ് അലി (മർകസ് ഗാർഡൻ പി.ജി 2) എന്നിവർ യഥാക്രമം കലാപ്രതിഭകളായി തെരഞ്ഞെടുത്തു. സയ്യിദ് ത്വാഹാ നൂറാനി, ഇർഷാദ് നൂറാനി ഉള്ളണം, നൗഫൽ നൂറാനി, യൂനുസ് അഹ്സനി എന്നിവർ ആശംസ അറിയിച്ചു. സംഗമത്തിൽ മദീനതുന്നൂർ ക്യാമ്പസിലെ മുദരിസുമാർ സംബന്ധിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച കോഗ്നറ്റേഴ്സ് ടീമിനും വിദ്യാർത്ഥികൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു.
‘അകലങ്ങൾ അറിയുന്നു’ എന്ന പ്രമേയം നിർമ്മിത ബുദ്ധിയുടെയും അതിനൂതന സാങ്കേതിക വിദ്യയുടെയും യുഗത്തിൽ മനുഷ്യരെയും അവർക്കിടയിലെ അകലങ്ങളെയും തിരിച്ചറിയൽ പ്രധാനമാണെന്ന് മുന്നോട്ട് വെച്ചു. വെള്ളിയാഴ്ച്ച ആരംഭിച്ച റോന്റിവ്യൂ കലാ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു.
സമാപന ദിവസം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. ഡിജിറ്റൽ യുഗത്തിൽ മൂല്യ ബോധമുള്ള സമൂഹം നിലനിൽക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിദ്യാർത്ഥികൾക്കുള്ള എക്സലൻസി, മെറിറ്റ് അവാർഡുകളും ഉസ്താദ് വിതരണം ചെയ്തു.
അന്നേദിവസം വൈകീട്ട് റൊൻ്റിവ്യു വേദിയെ അനുഗ്രഹീതമാക്കി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയുടെ സാന്നിധ്യം. സാരോപദേശങ്ങളും പ്രാർഥനയും കൊണ്ട് ധന്യ മാക്കിയ ഉസ്താദ് അഹ്ലു സ്സുന്നയാണ് സജ്ജനങ്ങളുടെ വഴിയെന്നും ആ പാരമ്പര്യ ധാർമിക മൂല്യങ്ങൾ വിട്ടുകളയരുതെന്നും വിദ്യാർത്ഥികളെ ഉണർത്തി. റോബോയുടെ ലോഞ്ചിങ്ങം നിറവ പുസ്തക പ്രകാശനവും ഉസ്താദ് നടത്തി.
ശനിയാഴ്ച നടന്ന ‘സയണിസം, ഇസ്രയേൽ ലോബികൾ; അധിനിവേശത്തിൻ്റെ വേരുകൾ’ എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷന് മുസ്തഫ പി. എറക്കൽ (സീനിയർ എഡിറ്റർ,സിറാജ്), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി എന്നിവർ നേതൃത്വം നൽകി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും ഫിസാ ഗ്രൂപ്പ് എം.ഡി യുമായ ബി.എം ഫാറൂഖ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഞായരാഴ്ച്ച രാവിലെ നടന്ന ചാറ്റ് ജി.പി.റ്റി ഡിസ്കഷനിൽ ‘നിർമ്മിത ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം(ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ്(ഡയറക്ടർ ഓഫ് IMMES), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെല്ലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിച്ചു. എ.ഐ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ധൈഷണിക ഇടപെടലിലൂടയാണെന്ന് ചർച്ച അഭിപ്രായപ്പെട്ടു.
അക്കാദമിക് മേഖലയിൽ ധിഷണരായ മദീനതുന്നൂർ അലുംനികൾ സംവദിച്ച എക്സ്പേർട്ട് കോൺവോസ്, പ്രത്യേക വിഷയങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ച വിദ്യാർത്ഥികൾ സംവദിച്ച പ്രോ ചാറ്റ്, വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ പ്രതിഫലിപ്പിച്ച കോസ്മോ സാപിയൻ ആർട്ട് എക്സിബിഷൻ, ഡിജിറ്റൽ വായനകൾ സാധ്യമാക്കിയ പാപ്പിറസ് പുസ്തകമേള ,സയൻസ് ഓർബിറ്റ് അവതരിപ്പിച്ച സൈ ആർട്ട് എക്സിബിഷൻ, സാംസ്കാരിക ആരോഗ്യ മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കുന്ന ഗ്രീൻ ഗ്രൈൻ കഫേ, എഡ്യൂക്കേഷനൽ കൗൺസിലിംഗ്, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, ഖൽവാ തിയേറ്റർ, പൂനൂർ നഗരത്തെ പുളകം കൊള്ളിച്ച കൾച്ചറൽ ഗാല തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഫെസ്റ്റിവലിനെ ബൗദ്ധിക-സർഗാത്മക വ്യവഹാരങ്ങളുടെ സംഗമമാക്കി. വിദ്യാർഥികളുടെ സർഗാത്മക വാസനകളെ പ്രകാശിപ്പിക്കുന്ന ശാഇരി കലാം,കൊളോക്കിയം,കാലിഗ്രാഫിറ്റി,ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി, റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, മസ്അല സൊല്യൂഷൻ, ട്രാൻസലേഷൻ ഡയലോഗ്, പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾക്ക് റോൻ്റിവ്യു വേദിയായി.
ഫെസ്റ്റിവലിൻ്റെ മുന്നോടിയായി സാഹിത്യത്തെയും മാനുഷികതയെയും ചർച്ച ചെയ്ത് ‘റിയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വെബിനാറും, പ്രമേയത്തെ വിശകലനം ചെയതു കൊണ്ടുള്ള തീം ഡിസ്കഷനും നടന്നു. കലയെയും മാനുഷിക-സാംസ്കാരിക മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച റോൻ്റിവ്യു’24 ലൈഫ് ഫെസ്റ്റിവൽ പ്രൗഢഗംഭീരമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top