‘റിമെമ്പർറിങ് ടുമൊറോ’; നാളെയെ സ്മരിക്കുന്നയിടം

വർത്തമാനത്തിലാണ് മനുഷ്യന്റെ അതിജീവനം. ഭാവിയും ഭൂതവും അവനിൽ നിന്നും അന്യമായ ഇരുവശങ്ങളായി ഗമിക്കുകയാണ്. ആ നൈരന്തര്യത്തിന്റെ പുറത്തേക്കുള്ള പ്രവാഹമാണ് നാളെയെ ഓർക്കൽ. അണപൊട്ടി ഒഴുകുന്ന കാലത്തിൻറെ കുത്തൊഴുക്കിൽ വർത്തമാനത്തിന്റെ പാലം പണിയുകയാണ് ഇവിടെ. നീണ്ടു നിവർന്നു കിടക്കുന്ന കാലത്തിനു മുറുകെ വർത്തമാനം പണിയുന്നു. വർത്തമാന പാലത്തിൽ നിന്ന് ഇരുവശങ്ങളിലേക്കും നോക്കി നാളെ സ്മരിക്കുന്നു. അഥവാ ഭൂത ഭാവിയെ കാണുന്നു. സ്വത്വ നിർണയത്തിന്റെ വരുംവരായികൾ ഇന്നലെ നിർമ്മിച്ച പാഠങ്ങളിൽ വസിക്കുകയാണ്. പൊടിതട്ടിയുണർത്തുന്ന കനൽ പാടുകളിൽ നിന്നുയരുന്ന പുകയുടെ ദിശയറിയാൻ ഇനിയും മുന്നോട്ട് പോകണം. ചൂട്ടായി കൂടെ ഇന്നലെയുടെ സ്മരണയുണ്ട്. മുന്നോട്ട് നാളെ നിലവിലുണ്ട്. നീ നിന്നെ ഓർക്കുക. നിൻറെ ഇന്നലെ, അതിലായി ലയിച്ചു കയറുക. നാളെയെ സ്മരിക്കുക.

ചരിത്രത്തെ വിസ്മരിക്കുമ്പോഴാണ് സമൂഹത്തിന് നല്ല ഭാവിയെ സ്വപ്നം കാണാൻ കഴിയാത്തത്. വർത്തമാന ജീവിതം അത്ര സുഖകരമല്ലാതായിത്തീരുന്നത്. ചരിത്രത്തെ വിസ്മരിക്കുന്നത് രണ്ട് രൂപത്തിലാണ്. ഒന്ന് വിസ്മൃതി, മറ്റൊന്ന് മറക്കൽ. വിസ്മൃതി നമ്മുടെ ചരിത്രത്തെ നാം തന്നെ ഓർക്കാതിരിക്കലാണ്. മറക്കൽ നമ്മുടെ ചരിത്രത്തിൽ നാം ഓർക്കാതിരിക്കാൻ, അങ്ങനെ ഒരു ഭൂതം ഉണ്ടായിരുന്നു എന്ന് ഓർമ്മപ്പെടുത്താതിരിക്കാൻ മറ്റൊരാൾ അവയെ മറച്ചുവെക്കലാണ്. വിസ്മൃതിയിലായതും മറച്ചുവെക്കപ്പെട്ടതുമായ പല ഭൂതങ്ങൾ നമുക്കുണ്ട്. അതിൽ ചിലത് മാത്രമാണ് വിസ്മൃതിയിലായ ചരിത്രവും മറക്കപ്പെട്ട ചരിത്രവും.

വിശ്വാസിയുടെ നാളെയുടെ പ്രത്യേകത എന്താണ് ? അത് വിശ്വാസത്തിൻറെ പുലർ കാഴ്ചയാണെന്ന സത്യമാണ് ആദ്യ പ്രത്യേകത. ചരിത്രത്തോളം അല്ലെങ്കിൽ അതിലേറെ സത്യമാണ് നാളെയുടെ ലോകം. വിശ്വാസിയുടെ ഓർമ്മകളത്രയും ഭാവിയെക്കുറിച്ചാണ്. അവനെ നിരന്തരം ഓർമ്മപ്പെടുത്തുന്നതും അതുതന്നെ. ആ സ്മരണകളാണ് അവനെ മുന്നോട്ടു നയിക്കുന്നത്. ഓർക്കൽ മുമ്പുള്ളത് മാത്രമായിരുന്നെങ്കിൽ നാളെയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ജീവിതം മുഴുവൻ ഓർമപ്പെടുത്തലുകൾ മാത്രമാണ്.

ആധുനിക പാഠസന്ദർഭത്തിനകത്ത് വ്യവസ്ഥാപിതമായ ഒരു ജ്ഞാന ശാസ്ത്ര ശാഖയായി ഓർമ്മകളെ കുറിച്ചുള്ള പഠനം വരുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്യൻ നാസി ജർമ്മനിയും അതിൻറെ സഹകാരികളും ജർമ്മൻ അധിനിവേശ യൂറോപ്പിലുടനീളം ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ഹോളോകോസ്റ്റ് സംഭവത്തിനുശേഷമാണ്. ആ ഓർമ്മകളിലൂടെയാണ് ജൂത വിഭാഗം പിന്നീട് ലോകജനതയുടെ നെറുകയിലെത്തുന്നത്. തങ്ങൾ നേരിടേണ്ടിവന്ന വംശഹത്യാപരമായ ഹീനകൃത്യങ്ങളെ നിരന്തരം ലോകത്തിനു മുന്നിൽ ഓർമ്മപ്പെടുത്തി ഒരു സംഘശക്തിയായി മാറാൻ അവർക്ക് സാധിച്ചു. ഇന്നും ആ ഓർമ്മപ്പെടുത്തലുകളാണ് അവരുടെ ആയുധം.

ഫ്രഞ്ച് തത്വചിന്തകനും സോഷ്യോളജിസ്റ്റുമായ മൗറിസ് ഹാൽ ബ്വാച്ച്സ് (Maurice Halbwachs) എന്ന വ്യക്തിയാണ് മെമ്മറി സ്റ്റഡീസിന്റെ പിതാവായി അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വിവിധ ബൗദ്ധിക ധാരകളെ ഒരുമിച്ചുകൂട്ടിയ ഒരു മൾട്ടി ഡിസിപ്ലിനറി ജ്ഞാന ശാഖയായി മെമ്മറി സ്റ്റഡീസ് ഉൽഭവം പ്രാപിക്കുന്നത്. മൗറിസ് തന്റെ La Mémoire collective (1950) എന്ന പുസ്തകത്തിലാണ് കളക്ടീവ് മെമ്മറി, ഗ്രൂപ്പ് ഓഫ് മെമ്മറി തുടങ്ങിയ സംജ്ഞകളെ ആദ്യമായി പരിചയപ്പെടുത്തുന്നത്. ഒരു കൂട്ടം ജനങ്ങൾ പങ്കുവെക്കുന്ന ഓർമ്മകൾക്ക് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകി. അതേസമയം വ്യക്തി അനുഭവങ്ങളെ ഒരു സമൂഹത്തിനകത്തെ സ്വാഭാവിക ശീലമായാണ് അദ്ദേഹം കണ്ടത്. എന്നാൽ വൈയക്തികാനുഭവങ്ങൾക്ക് ഒരു കൂട്ടത്തിന്റെ ഓർമ്മകളുടെ സ്വാധീനം ഉള്ളിടത്ത് അതൊരു വലിയ സ്വാധീന ശക്തിയായി മാറുന്നതായും കാണാം. ഒരു കൂട്ടത്തിന്റെ ഓർമ്മകൾക്കാണ് ചരിത്രത്തെ പുനർ നിർമിക്കാനും സാമുദായിക സ്വത്വങ്ങളുടെ ഉപജീവനത്തിനും അടിസ്ഥാന രൂപീകരണത്തിനും സാധ്യമാകുന്നത്. കായൽ പട്ടണത്തുകാരന് താനൊരു കായലൻ ആണെന്ന ബോധവും മലബാറുകാരന് താനൊരു മലബാരി ആണെന്ന ബോധവും അവരുടെ സ്മരണകളുടെ ഭാഗമായി രൂപപ്പെടുന്ന അകം ബോധമാണ്.

ഓർമ്മയുടെ രൂപീകരണത്തിനകത്തു നടക്കുന്ന ന്യൂറോളജിക്കൽ നിർവഹണ നടപടിയെ കൂടാതെ ഓർക്കപ്പെടുന്ന സംഭവം, വ്യക്തി, അനുഭവം ഇവകൾ ആഘോഷവുമായോ, മതപരമായോ, രാഷ്ട്രപരമായോ ബന്ധപ്പെട്ട് കിടക്കുമ്പോൾ അത്തരം ഓർമ്മകൾക്ക് ആഴങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടാണ് ഓർമ്മകൾക്ക് സന്ദർഭം (Occasion) വേണമെന്ന് സീഗ്ഫ്രൈഡ് ജെ. ഷ്മിസിനെ (Siegfried J. Schmidt) പോലുള്ള മെമ്മറി സ്കോളേഴ്സ് പറഞ്ഞത്. മതപരമായ ആചാരങ്ങൾക്ക് സന്ദർഭം ഉണ്ടാകും. അത് ഓർമ്മകളുടെ ഭാഗമാകുന്നത് അങ്ങനെയാണ്. ഇബ്റാഹീമി സ്മരണയാണല്ലോ ഹജ്ജ് കർമ്മം. റസൂലിന്റെ ഓർമ്മകളാണ് മദീനയിലേക്ക് വിശ്വാസിയെ ഒഴുക്കുന്നത്. വിശുദ്ധ ഖുർആനിലെ ഓർമ്മപ്പെടുത്തലാണ് റമദാനിനെ നമ്മൾ സജീവമാക്കാൻ കാരണം. തമസ്കാരത്തിലെന്ന പോലെ എല്ലാറ്റിന്റെയും അടിസ്ഥാനമാകട്ടെ ഇലാഹീ സ്മരണയും. എല്ലാം അനുഭവപരമാണ്.

ഓർമ്മകളുടെ രാഷ്ട്രീയം പോലെ മറക്കലിനും രാഷ്ട്രീയമുണ്ട്. ഓർക്കൽ എത്രത്തോളം പ്രധാനമാണോ അത്രതന്നെ പ്രധാനമായിരിക്കും മറക്കലും. ഒരേ കാര്യം തന്നെ ഒരാൾക്ക് മറക്കൽ അനിവാര്യമാകുമ്പോൾ മറ്റൊരാൾക്ക് അതേ സന്ദർഭം ഓർമ്മയുടെ ഭാഗമാണ്. മധ്യകാല ഇസ്ലാമിക നാഗരികതയെ പാശ്ചാത്യ ബൗദ്ധിക പാരമ്പര്യത്തിന് മറക്കാനുള്ളതാണെങ്കിൽ ഇസ്ലാമിനും മുസ്ലീങ്ങൾക്കും അതൊരു ഓർമ്മ തന്നെയാണ്. ഓർമ്മപ്പെടുത്തലും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top