“സിന്ദാബാദ് സിന്ദാബാദ് കൾച്ചറൽ ഗാല സിന്ദാബാദ്…”

മഴവെള്ളപ്പാച്ചിലിൽ കളകളാരവം മുഴക്കി ദ്രുതഗതി പൂണ്ട പൂനൂർ പുഴക്ക് കുറുകെ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു മുന്നോട്ടു നീങ്ങുകയാണ് റൊൻ്റിവ്യൂ ‘കൾച്ചറൽ ഗാല’. ശുഭ്ര വസ്ത്രധാരികളായ ജാമിഅ മദീനത്തുന്നൂർ വിദ്യാർഥികളുടെ അസാധ്യ പ്രകടനം കൊണ്ട് തൊട്ടുമുമ്പ് പെയ്ത അനുഗ്രഹ മഴയേറ്റു നനഞ്ഞ പൂനൂർനഗരി ശബ്ദ മുഖരിതമായി. വിദ്യാർഥികളുടെ വേറിട്ട മുദ്രാവാക്യങ്ങളും ഹർഷാരവങ്ങളും നനുത്ത അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു.

ഗാല വെറുമൊരു പദയാത്രയല്ല. മറിച്ച്, ഇസ്ലാമിൻ്റെ പൈതൃകങ്ങളെയും പാരമ്പര്യത്തെയും ഉയർത്തിപ്പിടിച്ച് ഓർമകളെ മരിക്കാൻ വിടില്ലെന്ന് ഓരോ മുദ്രാവാക്യങ്ങളിലും അവർ ഉച്ചത്തിൽ ഒച്ച വെച്ച് അങ്ങാടിയെ വലയം ചെയ്യുകയാണ്.

ജാമിഅയുടെ ഓരോ കുല്ലിയ്യക്കും റാലിയിൽ പ്രത്യേകസ്ഥാനം സജ്ജീകരിക്കപ്പെട്ടിരുന്നു. അവരവരുടെ കാമ്പസുകളുടെ ഐഡന്റിറ്റിയെ സൂചിപ്പിക്കുന്ന പതാകകളുമേന്തി ഇരു വരികളിലായി വിദ്യാർഥികൾ ആരവം മുഴക്കി.

സെൻസിംഗ് ദ് സ്പേസസ് എന്ന പ്രമേയത്തെ വിവിധ കുല്ലിയകൾ വ്യത്യസ്തമായി പ്രകടിപ്പിക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു കൾച്ചറൽ ഗാല. ആ കാഴ്ച കണ്ട് നാടും നഗരവും പുളകം കൊണ്ടു. തെന്നിന്ത്യയുടെ നാനാദിക്കുകളിൽ നിന്നും സർഗപന്തവുമേന്തി സഹസ്രം വിദ്യാർഥികൾ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവലിനെത്തിയത് അവരറിഞ്ഞു.

ചരിത്രം പ്രമേയമാക്കി റാലിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കുല്ലിയതു ഇമാം റബ്ബാനി സ്റ്റാർ കാമ്പസ് പട്ടം സ്വന്തമാക്കി.
കഴിഞ്ഞവർഷത്തേക്കാൾ അധികം വിദ്യാർത്ഥികൾ ഇത്തവണ പങ്കെടുത്തതോടെ പൂനൂർ കണ്ട ഏറ്റവും ജനബാഹുല്യമുള്ള റാലിയായി ഗാല മാറി. കൾച്ചറൽ ഗാലയോട് അനുബന്ധമായി വിദ്യാർഥികൾ തയ്യാറാക്കിയ അഹ്ദൽ സ്ക്വയർ ശ്രദ്ധേയമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top