കോഴിക്കോട്: ഇന്ത്യയിലെ വിവിധ സയൻസ് എൻട്രൻസ് എക്സാമുകളിൽ ജാമിഅ മദീനതുന്നൂർ സയൻസ് വിദ്യാർത്ഥികൾക്ക് റാങ്ക് തിളക്കം. ജീ മെയിൻ ബി ആർക് (JEE main B.arch) പരീക്ഷയിൽ ഫത്താഹ് റഹ്മാന് ചെറുമുറ്റം 99.91 ശതമാനം നേടി സംസ്ഥാനതലത്തിൽ തന്നെ ടോപ്പറായി. അതേ പരീക്ഷയിൽ ബിഷ്റുൽ ഹാഫി വേങ്ങര 94.31 ശതമാനവും നേടി. ജാം (JAM) എൻട്രൻസ് എക്സാമിൽ സാജിദ് അലി തളിപ്പറമ്പ് ഫിസിക്സിൽ 729 റാങ്കും മുഹമ്മദ് തൃശൂർ 3521 റാങ്കും ഷബീർ ഹസ്സൈനാർ ഊജമ്പാടി കെമിസ്ട്രിയിൽ 1540 റാങ്കും കരസ്ഥമാക്കി. ശാസ്ത്ര പഠനത്തോടോപ്പം ജാമിഅ മദീനതുന്നൂറിനു കീഴിൽ ഇസ്ലാമിക് സ്റ്റഡീസ് കോഴ്സ് കൂടി ചെയ്യുന്ന ഇവർ ഉന്നത അവസരങ്ങൾക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.
നൂതന ശാസ്ത്ര സാങ്കേതിക രംഗത്ത് മൂല്യാധിഷ്ഠിത പ്രതിഭകളെ വാർത്തെടുക്കാൻ മദീനതുന്നൂർ സയൻസ് ഓർബിറ്റിനു കീഴിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനങ്ങളും ഓറിയന്റേഷനുകളും നൽകി വരുന്നു. ഐ ഐ ടി, എൻ ഐ ടി പോലോത്ത ഉന്നത ഇൻസ്റ്റിറ്റ്യൂട്ടിലേക്കുകളിൽ തുടർ പഠനം നടത്തി സാമൂഹ്യ പ്രാധാന്യമുള്ള ഗവേഷണങ്ങളും പ്രൊജക്ടുകളുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ജാമിഅ മദീനതുന്നൂർ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും വിജയികളെ പ്രത്യേകം അഭിനന്ദിച്ചു. ജാമിഅ മദീനതുന്നൂറിന് കീഴിൽ സയൻസ് ലക്ഷ്യമാക്കി ബൈതുൽ ഇസ്സ നരിക്കുനി, തർബിയത് കൊടിയത്തൂർ, ഹസനിയ്യ ഐക്കരപ്പടി, സി.എം മർകസ് മമ്പീതി തുടങ്ങിയ കാമ്പസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. എസ്.എസ്.എൽ.സി. കഴിഞ്ഞവർക്ക് ഫൗണ്ടേഷൻ ഇൻ പ്യുവർ സയൻസിലും സ്കൂൾ എട്ടാം ക്ലാസിലേക്ക് സയൻസ് അകാദമിയിലും അവസരങ്ങളുണ്ട്.

