റോൻ്റിവ്യു’24 അരങ്ങുണരുന്നു; ഉദ്ഘാടനം വൈകീട്ട് ഏഴിന്

പൂനൂർ: ‘അകലങ്ങളെ അറിയുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 കലാപരിപാടികളുടെ ഓദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി നിർവ്വഹിക്കും. സംഗമത്തിൽ സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലത്തിൻ്റെ അധ്യക്ഷതയിൽ ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർത്ഥന നടത്തും. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള ആശംസ അറിയിച്ച് സംസാരിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാ മാമാങ്കത്തിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിൽ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും. ജാമിഅ മദീനതുന്നൂരിൻ്റെ ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ നടന്ന യൂണിറ്റ് റോൻ്റിവ്യുകളിൽ വിജയികളായ പ്രതിഭകളാണ് പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റോൻ്റിവ്യുവിൽ മത്സരിക്കാനെത്തുന്നത്.വിദ്യാർത്ഥികൾ സ്വന്തമായി വികസിപ്പിച്ചെടുത്ത റോൻ്റിവ്യു വർക് സ്പേസ് വെബ് പോർട്ടൽ, റിസൾട്ടുകൾ അറിയിക്കുന്ന ഓർബിറ്റ് റോബോട്ട് എന്നീ സംവിധാനങ്ങൾ ഫെസ്റ്റിവലിൻ്റെ മുഖ്യ ആകർഷണമാണ്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന റോൻ്റിവ്യു’24 ൽ ശാഇരി കലാം, കൊളോക്കിയം, കാലിഗ്രാഫിറ്റി, ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി, മസ്അല സൊല്യൂഷൻ, റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ, പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.ഞായറാഴ്‌ച്ച രാവിലെ നടക്കുന്ന ഡിസ്കഷനിൽ ‘കൃത്രിമ ബുദ്ധിയുടെ പരകായ പ്രവേശങ്ങൾ’ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം (ഫൗണ്ടർ & സി.ഇ.ഒ Edapt), ദാമോദർ പ്രസാദ് (ഡയറക്ടർ EMMRS), ഇ.പി.എം മുഹമ്മദ് സ്വാലിഹ് നൂറാനി (റിസർച്ച് ഫെലോ,ഫ്രൈ യൂണിവേഴ്സിറ്റി) എന്നിവർ സംസാരിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ലൈഫ് ഫെസ്റ്റിവൽ എജ്യുകേഷനൽ കൗൺസിലിംഗ്, റൈറ്റ് വെൽ ക്ലിനിക്, കിതാബിക് ഫെസ്റ്റ്, എക്സ്പേർട്ട് കോൺവോസ്, പ്രോ ചാറ്റ്, പാനൽ ഡിസ്കഷൻ, ‘റിയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വേബിനാർ, പാപ്പിറസ് പുസ്തക മേള,ഖൽവാ തിയേറ്റർ, ഗ്രീൻ ഗ്രൈൻ കഫെ,കോസ്മോ സാപിയൻ ആർട്ടിസ്റ്റിക് എക്സ്പോ, കൾച്ചറൽ ഗാല തുടങ്ങിയ വ്യത്യസ്ത ബൗദ്ധിക-സർഗാത്മക വ്യവഹാരങ്ങളുടെ വേദിയാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top