പതാക ഉയർന്നു; ജാമിഅ മദീനതുന്നൂർ ഹോം റൊൻ്റിവ്യുന് പ്രൗഢ തുടക്കം

പൂനൂർ: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25 ന് പതാക ഉയർന്നു. മർകസ് ഗാർഡൻ അയൽക്കൂട്ട സാരഥികളുടെ സാന്നിധ്യത്തിൽ അവേലത്ത് സയ്യിദ് മഷ്ഹൂർ ആറ്റ തങ്ങൾ പതാക ഉയർത്തലിന് നേതൃത്വം നൽകി. കാൽ നൂറ്റാണ്ട് കൊണ്ട് ജാമിഅ മദീനതുന്നൂർ കൈവരിച്ച വിദ്യാഭ്യാസ-സാമൂഹിക വിപ്ലവങ്ങളെ തങ്ങൾ പ്രശംസിച്ചു.

‘ലിബറേറ്റീവ് സബ്മിഷൻസ് ‘ എന്ന പ്രമേയത്തിൽ ജനുവരി 3,4,5 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ജാമിഅ മദീനതുന്നൂർ ഹോം റൊൻ്റിവ്യുയിൽ കേരളത്തിലെ 42 മദീനതുന്നൂർ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സംഗമിക്കും. മൈനർ, പ്രീമിയർ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 1700ൽ അധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരക്കും. മത്സര പരിപാടികൾക്ക് സമാന്തരമായി എക്സ്പേർട്ട് കോൺവോസ്, പ്രോ-ചാറ്റ്, കോസ്മോ സാപ്പിയൻസ്, പേപ്പിറസ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനവും ജാമിഅ റെക്ടർ എ പി അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണവും നടത്തും. ഫെസ്റ്റിവലിന്റെ പ്രമേയത്തെ സംബന്ധിച്ച് രണ്ട് പാനൽ ഡിസ്കഷനുകൾ നടക്കും.

പേപ്പർലെസ് സംവിധാനത്തിലാണ് ഈ വർഷത്തെ പരിപാടികൾ. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ മുതലുള്ള മുഴുവൻ പ്രോഗ്രാമിങ്ങും വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ചെടുത്ത വർക്ക് സ്പേസ് വഴിയാണ് നടക്കുക. വെന്യു കൺട്രോൾ ചെയ്യുന്ന റോബോട്ട് ആണ് ഫെസ്റ്റിവലിന്റെ മറ്റൊരു സവിശേഷത.

പ്രസ്തുത പരിപാടിയിൽ ഉസ്താദ് മുഹിയുദ്ധീൻ സഖാഫി തളീക്കര അധ്യക്ഷത വഹിച്ചു. ഉസ്താദ് മുഹിയുദ്ധീൻ സഖാഫി കാവനൂർ, ഹാഷിം തങ്ങൾ, അയൽക്കൂട്ടം പ്രസിഡന്റ് സി. കെ അസീസ് ഹാജി, സെക്രട്ടറി സലീം, മദീന മുഹിയുദ്ദീൻ ഹാജി, ലത്തീഫ് ഹാജി തെക്കേമണ്ണിൽ, സലാം സഖാഫി തുടങ്ങിയവർ ആശംസ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top