കോഴിക്കോട് : ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ എ കെ വിജയരാജൻ പറഞ്ഞു. കേവലം പാരമ്പര്യത്തിൽ അഭിമാനിക്കാതെ അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിദ്യാർഥികളിൽ നിന്നുണ്ടാകേണ്ടതെന്നും സി വി രാമനെപ്പോലുള്ള പ്രതിഭകളെ നാം മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ ജാമിഅ മദീനതുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റും സയൻസ് ഓർബിറ്റും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസ്’23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന കോൺഫറൻസ് ഐക്യരാഷ്ട്ര സംഘടനയുടെ പതിനേഴോളം വരുന്ന സുസ്ഥിതി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്തു. കാലിക്കറ്റ് എൻ ഐ ടി സീനിയർ പ്രൊഫസർ ഡോ സുജിത്, മീഞ്ചന്ത ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ മുജീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, സയൻസ് ഓർബിറ്റ് ഇൻചാർജ് മുജ്തബ നൂറാനി തുടങ്ങിയവർ സംസാരിച്ചു.
ഐ ഐ ടി ഹൈദരാബാദ്, എൻ ഐ ടി കാലിക്കറ്റ്, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, യെനപ്പൊയ യൂണിവേഴ്സിറ്റി, ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി തുടങ്ങി ഇരുപതോളം സർവകലാശാലകളിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോൺഫറൻസിന്റെ ഭാഗമായി നടന്ന ‘കോൺസൻഷ്യ’ വർക്ക് ഷോപ്പിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇക്കോഎസ്ടിപി പ്രൈവറ്റ് ലിമിറ്റഡി’ന്റെ സിഇഒ തരുൺ കുമാർ ബംഗളൂരു പ്രകൃതിയെ എങ്ങനെ ടെക്നോളജിയുമായി ബന്ധപ്പെടുത്താമെന്നും മാലിന്യ സംസ്കരണത്തിന് പ്രകൃതിയുടെ മാർഗ്ഗങ്ങളെ നാം മാതൃകയാക്കേണ്ടതെങ്ങെനെയെന്നതിനെക്കുറിച്ചും തീം ടോക്കിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങളെയും കണ്ടെത്തലുകളുടെയും പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് എന്ന പ്രമേയത്തിൽ ഇവോൾവ് റോബോട്ടിക്സ് എ ഐ കൺസൾട്ടന്റ് സജീഷ് കൃഷ്ണ സ്റ്റീം ടോക്ക് നടത്തി. ഉസ്താദ് അലി ബാഖവി ആറ്റുപുറം തൻളീം സെഷന് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി ‘സുസ്ഥിര ലോകത്തിനായുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന അക്കാദമിക് സെമിനാറിൽ ജാമിഅ മദീനത്തുന്നൂറിന്റെ വിവിധ സയൻസ് കാമ്പസുകളിലെ ഫൌണ്ടേഷൻ കോഴ്സ് വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചു. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സൂവോളജിസ്റ്റ് ശ്രീജിത്ത് കുമാർ സെമിനാർ നിയന്ത്രിച്ചു. വേസ്റ്റ് വാട്ടർ ശുദ്ധീകരണത്തിനുള്ള പുതിയ ടെക്നോളജികൾ, എഞ്ചിനീയറിംഗ് നിർമാണ മേഖലയിലെ നൂതന ഉത്പന്നമായ ‘ജിയോസിന്തറ്റിക്സ്’, റോക്കറ്റ് വിക്ഷേപണത്തിനുള്ള പുതിയ മാർഗമായ ‘സ്പിൻലോഞ്ച്’ തുടങ്ങിയ സുസ്ഥിര സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതായിരുന്നു സെമിനാർ. ശേഷം നടന്ന കരിയർ സെഷന് സാജിദ് അലി (ഐ ഐ ടി ഹൈദരാബാദ്), മുഹമ്മദ് മുഅവ്വിദ് (തൃശൂർ മെഡിക്കൽ കോളേജ്), ഷബീർ ഹസൈനാർ (എൻ ഐ ടി കാലിക്കറ്റ്), മുഹമ്മദ് ആഷിഖ് (അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി), സഹൽ വെണ്ണക്കോട് (മർകസ് യുനാനി മെഡിക്കൽ കോളേജ്) തുടങ്ങിയ പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപരിപഠനം നടത്തുന്ന മദീനതുന്നൂറിന്റെ സയൻസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. സയൻസ് ഒളിമ്പ്യാഡ്, കരിയർ ഡെവലപ്മെന്റ്, സയൻസ് ലിറ്ററേച്ചർ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. വിപുലമായ സയൻസ് എക്സ്പോയും നഗരിയിൽ ഒരുക്കി. വിവിധ സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും അവാർഡും നൽകി. ഹാരിസ് നൂറാനി, യാസീൻ നൂറാനി ഹാഷിർ നൂറാനി, ശമീർ നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: മദീനതുന്നൂർ സയൻസ് കോൺഫ്രൻസ് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ.എ.കെ. വിജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

