മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം രൂപീകരിച്ചു
പൂനൂർ | സുൽത്താനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിഷ്തി രാജ്യത്തിന്റെ മതേതരത്വത്തിനും സൗഹൃദാന്തരീക്ഷത്തിനും തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണെന്ന് ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസ്സൻ. മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗരീബ് നവാസെന്നും അത്തായെ റസൂലെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം പാവങ്ങളുടെ അത്താണിയും മതസൗഹാർദ്ദത്തിനുവേണ്ടി ശക്തമായി നിലകൊണ്ട വക്താവുമായിരുന്നുവെന്നും ഇന്ത്യൻ മുസ്ലിംകളെ ആത്മീയ മുന്നേറ്റത്തിൽ ഖാജാ തങ്ങളുടെ പങ്ക് അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ചെയർമാനും അബ്ദുസ്സലാം ബുസ്താനി ജനറൽ കൺവീനറും ഹമീദ് ഹാജി ഓലക്കുന്ന് ഫിനാൻസ് സെക്രട്ടറിയുമായി സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
2025 ജനുവരി 22 മുതൽ 25 വരെ നാലു ദിവസങ്ങളിലായാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്. ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, മദനീയം ആത്മീയ മജ്‌ലിസ്, ഖിദ്മ അക്കാദമിക് സെമിനാർ, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, ഗ്രാൻഡ് പേരെന്റ്സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ പ്രചാരണാർത്ഥo സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി ആമുഖഭാഷണം നടത്തി. സ്വാദിഖ് സഖാഫി മടത്തുo പോയിൽ പാനൽ അവതരണം നടത്തി. എസ്എസ്എഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് സിപി ഉബൈദുല്ല സഖാഫി, മർകസ് ബഹ്‌റൈൻ പ്രസിഡന്റ് അബ്ദുൽ ഹക്കീം സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്,അബ്ദുന്നാസർ സഖാഫി, മുനീർ സഅദി പൂലോട്, സികെ അസീസ് ഹാജി, അഷ്റഫ് കക്കോവ്, സയ്യിദ് അഡ്വ സുഹൈൽ തങ്ങൾ, ലുക്മാൻ ഹാജി കത്തറമ്മൽ,
ആസഫ് നൂറാനി, റാഫി അഹ്സനി കാന്തപുരം, സാബിത് അബ്‌ദുല്ല സഖാഫി എന്നിവർ സംസാരിച്ചു.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണ യോഗം ഡോ സയ്യിദ് അബ്ദുസ്സബൂർ ബാഹസ്സൻ അവേലം ഉദ്ഘാടനം ചെയ്യുന്നു

