ഇസ്ലാമിക വിജ്ഞാനീയങ്ങളും കലകളും ബഹുഭാഷാ വൈഭവവും കര്‍മശേഷിയുടെ അനാവരണങ്ങളും സര്‍ഗവിസ്മയം തീര്‍ക്കുന്ന പൂനൂർ ജാമിഅഃ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യൂ’23 ന് അരങ്ങുണരുകയാണ്. സാഹിത്യത്തെയും സര്‍ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക പാരമ്പര്യത്തിന്റെ പുനരുജ്ജീവനമാണ് റൊൻ്റിവ്യൂയിലൂടെ ലക്ഷ്യമാക്കുന്നത്.
നൂതന സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും റോബോട്ടിക്-യന്ത്ര വൽകരണത്തിൻ്റെയും അതിപ്രസരം ഹൈ ടെക് യുഗത്തിലെ വിദ്യാഭ്യാസത്തെയും ദൈനം ദിന ജീവിതത്തെയും നിരന്തര അപ്ഡേഷനുകൾക്ക് വിധേയമാക്കി കൊണ്ടിരിക്കുന്ന കാലത്ത് കേവലം അറിവു പകരുക എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ നൈസര്‍ഗിക, ക്രിയാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിവരസാങ്കേതിക വിദ്യകള്‍ ദിനംപ്രതി പുരോഗമിക്കുമ്പോള്‍ പുതിയ തലമുറ നേടിയെടുക്കേണ്ടത് അറിവുകളേക്കാളുപരി തിരിച്ചറിവുകളാണ്. അതിനവസരമൊരുക്കുകയാണ് റൊൻ്റിവ്യൂ വേദികൾ.
ഓരോ കലാസൃഷ്ടിയിലും പ്രതിഫലിക്കുന്നത് തനിമയാർന്ന സംസ്കാരങ്ങളാണ്. കലയുടെയും സംസ്കാരത്തിന്റെയും ഇഴയടുപ്പമേറിയ ഉൾചേരലുകൾ സാധ്യമാക്കുന്നത് നൈരന്തര്യമായ സംസ്കാരങ്ങളും വികാസ പ്രയത്നങ്ങളുമാണ്. വർഗ്ഗ-വർണ്ണ-ഭാഷ-ദേശമന്യേ
കല തീർക്കുന്ന സാംസ്കാരിക വർത്തമാനങ്ങൾ ആഗോള ജനതയുടെ ഒരുമയെയാണല്ലോ സൗകര്യമാക്കുന്നത്. ഇത്യാദി നിശബ്ദവും വിസ്മയാവഹവുമായ വിപ്ലവങ്ങളാണ് ഒരർത്ഥത്തിൽ ലോക ഗതിയെ തന്നെ നിയന്ത്രിക്കുന്നത്.
കലകളിലൂടെയുള്ള സര്‍ഗാത്മകമായ ഇടപെടലുകള്‍ ഇസ്ലാം എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതത്തിന്റെ മഹദ്സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അത്തരം വ്യത്യസ്ത കഴിവുകൾ ഉപയോഗപ്പെടുത്തണമെന്നാണ് ഇസ്ലാമിന്റെ താല്പര്യം. നിങ്ങള്‍ നന്മകളിലേക്ക് മുന്നേറുക എന്ന ഖുർആനിക വചനം ദ്യോതിപ്പിക്കുന്നത് ഈയൊരാശയമാണ്. എന്നാല്‍, ധാര്‍മികതയുടെ സീമകള്‍ ലംഘിക്കുകയും അശ്ലീലങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ കലകളുടെ മൂല്യങ്ങള്‍ക്കു ശോഷണം സംഭവിക്കുകയും അവ മതത്തിന്റെ പടിക്കുപുറത്താവുകയും ചെയ്യുന്നു. കലകളിലെ ഇത്തരം സ്വീകാര്യതയുടെയും തിരസ്കാരത്തിന്റെയും കാഴ്ചപ്പാടുകളും സാക്ഷ്യങ്ങളും ഇസ്ലാമിക ചരിത്രത്തിന്റെ പ്രാരംഭം മുതലുണ്ട്. ചിന്തകളുടെ ഉള്ളറകള്‍ തൊട്ടുണര്‍ത്തി, ആശയങ്ങളുടെ അര്‍ഥതലങ്ങളെ ഉള്‍ക്കൊണ്ട ഉമയ്യതുബ്നു അബിസ്സ്വല്ഥിന്റെ കവിതകളെന്ന പോലെ മികവാര്‍ന്ന സാഹിത്യശൈലിയും മാനവിക മൂല്യങ്ങളും സംഗ്രഹിച്ചിരുന്ന ഖുസ്സുബ്നുസാഇദയുടെ പ്രഭാഷണങ്ങളും തിരുനബിക്ക് ഏറെ പ്രിയങ്കരമായിരുന്നു. ശത്രുവിന്റെ ആക്ഷേപ ശരങ്ങള്‍ക്ക് സര്‍ഗാത്മകമായി മറുപടി നല്‍കാനും ഇസ്ലാമിക പാഠങ്ങളെ സുന്ദരമായ കവിതാശകലങ്ങളിലൂടെ പുനരാവിഷ്കരിക്കാനും പ്രവാചകന് ഹസ്സാനുബ്നു സാബിത് (റ) വിനെ നിയോഗിച്ചതും ലോകപ്രശസ്തി നേടിയ ‘ബാനത്ത് സുആദ്’ എന്ന കവിത ചൊല്ലിയ കഅ്ബുബ്നു സുഹൈറിന് തിരുനബി പ്രോത്സാഹന വചനങ്ങള്‍ ചൊരിഞ്ഞ് അഭിനന്ദിച്ചതും പാരിതോഷികം നല്‍കിയതുമെല്ലാം ചരിത്രസാക്ഷ്യങ്ങളാണ്. സര്‍ഗ-സാഹിത്യ-കലാ രീതികള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും അവ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാഥമിക പാഠങ്ങളും ഉപര്യുക്ത ഉദാഹരണങ്ങളിലുണ്ട്.
സത്യാനന്തരകാലത്ത് യഥാർത്ഥ പൊരുളിന്റെ വിത്ത് പാകാനുള്ള പരമപ്രധാനമായ മാധ്യമം കലാസൃഷ്ടികളാണ്. ന്യൂനപക്ഷങ്ങളെ അരികുവൽക്കരിച്ച്, അവർക്കെതിരിൽ പരസ്യമായ, പ്രകോനപരമായ കടന്നുകയറ്റങ്ങൾ നടത്തുന്ന ഭരണകൂടത്തിനെതിരെ പോരാടാൻ മനുഷ്യരെ പ്രാപ്തരാക്കുന്നതിൽ കലയ്ക്ക് അനൽപ്പമായ പങ്കുണ്ടെന്നത് നിഷേധിച്ചുകൂടാ. വിദൂര ലോകത്ത് നടക്കുന്ന അനിയന്ത്രിത അധികാര കടന്നു കയറ്റത്തിന്റെ അനുരണനങ്ങൾ അതിന്റെ ഇതിവൃത്ത പരതയിലൂടെ അനുവാചകർക്ക് അടർത്തിക്കൊടുക്കാൻ കലയ്ക്ക് സാധിക്കുന്നുണ്ട്. അപ്പോൾ, കലയെ വിശ്വസിക്കാം. അനുധാവനം ചെയ്യാം. കാരണം, കലയിൽ നിഷ്കളങ്കതയുടെ മായിക സ്പർശങ്ങളുണ്ട്, തനിമയുടെ സന്ദേശങ്ങളുണ്ട്, തെളിമയുടെ തലോടലുമുണ്ട്. കലകളിലേര്പ്പെടുക എന്നത് ആവിഷ്കാരം മാത്രമല്ല. മറിച്ച്, പുതിയകാലത്ത് പ്രതിരോധ പ്രവര്‍ത്തനം കൂടിയാണത്.
കലയുടെ ഉദ്ദിഷ്ട ലക്ഷ്യത്തെ സംബന്ധിച്ച സംവാദങ്ങള്‍ ഉത്തരമില്ലാതെ തുടരുകയും ആസ്വാദനത്തിന്റെയും ആഭാസത്തിന്റെയും പ്രയോക്താക്കളായി പുതുതലമുറ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. കലാതനിമയെ ചോർത്തിക്കളയുന്ന അസംഖ്യം സംഭവങ്ങൾ അരങ്ങുവാഴുന്ന ഈ സവിശേഷ സാഹചര്യത്തിലാണ് മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവലായ റൊന്റിവ്യുവിന് പ്രാധാന്യമേറുന്നത്. കലയെ കലയായി തന്നെ നിലനിർത്തുന്നതിനോടൊപ്പം കലാവിഭവങ്ങളുടെ വിവിധ തലങ്ങളെ തേടുകയാണ് റൊന്റിവ്യു ചെയ്യുന്നത്. ധർമനിഷ്ഠമായ കലകളെ ഉദാത്തവൽക്കരിക്കുകയും അവ സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുകയും ചെയ്യുക എന്ന പവിത്രദർശനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

