ചരിത്ര സ്രോതസ്സുകളോടുള്ള സമീപനത്തിൽ മാറ്റം വരണം: അഭിലാഷ് മലയിൽ

കാന്തപുരം : ചരിത്ര സ്രോതസ്സുകളോട് കൂടുതൽ അടുപ്പത്തോടെയും ദൃഢതയോടെയും സമീപിക്കണമെന്ന് ചരിത്രകാരൻ അഭിലാഷ് മലയിൽ പ്രസ്താവിച്ചു. ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഫെസ്റ്റിവൽ ഹിസ്റ്റോഗ്രം 2025ൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട അക്കാദമിക് സിമ്പോസിയത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹ്ദൽ സാദാത്ത് ചെയറും ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റും മലൈബാർ റിസർച്ച് സെൻ്ററുമായി സഹകരിച്ച് കാന്തപുരം ഇമാം റബ്ബാനിയിൽ വെച്ച് നടത്തിയ ദ്വിദിന ചരിത്ര ക്യാമ്പ്, മലബാർ ചരിത്രം, ചരിത്ര രചന രീതിശാസ്ത്രം, വിവിധ ആഖ്യാനങ്ങൾ, നവ ട്രെൻഡുകൾ എന്നിവ ചർച്ച ചെയ്തു. പത്ത് സെഷനുകളിലായി ഡോ. അഭിലാഷ് മലയിൽ, മലബാറിൻ്റെ ചരിത്രരചനാശാസ്ത്രം: ചരിത്ര വ്യവഹാരത്തിലെ ആഖ്യാനങ്ങളും പുതിയ പ്രവണതകളും എന്ന വിഷയത്തിലും ഡോ. പി സക്കീർ ഹുസൈൻ, അറബി-മലയാളം: മലബാർ മാപ്പിളമാരുടെ ഭാഷയും ചരിത്രവും സാഹിത്യ സംസ്കാരവും എന്ന വിഷയത്തിലും ഡോ. ശമീർ കൈപ്പങ്ങര, ഇന്ത്യൻ മുസ്‌ലിം; ബഹുസ്വര സമൂഹത്തിൽ മുസ്‌ലിം സംസ്കാരിക രൂപീകരണത്തെ സൂഫി പാരമ്പര്യങ്ങൾ സ്വാധീനിച്ച വിധം എന്ന വിഷയത്തിലും ഡോ. ഇബ്റാഹീം സിദ്ദീഖി കുപ്പളത്ത്, വായനയും എഴുത്തും: ഒരു ഇസ്ലാമിക പണ്ഡിതൻ്റെ ചരിത്രത്തോടുള്ള സമീപനം എന്ന വിഷയത്തിലും അശ്റഫ് സഖാഫി പുന്നത്ത്, പാരമ്പര്യ സംരക്ഷണം: മാപ്പിള അറബി മലയാളം ഗാനങ്ങളുടെ അവതരണവും പരിണാമവും യുഗങ്ങളിലൂടെ എന്ന വിഷയത്തിലും എൻ മുഹമ്മദ് ഖലീൽ, മലബാറിൻ്റെ ബൗദ്ധിക ചരിത്രം : പ്രവണതകളും രീതികളും എന്ന വിഷയത്തിലും സിറാജ് റഹ്മാൻ നൂറാനി, ആഗോള കുടിയേറ്റസമൂഹങ്ങൾ: ഹദ്റമികളും ഇന്ത്യൻ മഹാസമുദ്ര സമൂഹങ്ങളുടെ ചാലനാത്മകതയും എന്ന വിഷയത്തിലും വിഷയാവതരണങ്ങൾ നടത്തി. കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രാഖ്യാനങ്ങളുടെ വിമർശനാത്മക അപനിർമ്മാണവും കേരള ഉലമയുടെ പങ്കും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ഡോ. നുഅയ്മാൻ കെ. എ, ഉമൈർ ബുഖാരി, റമദാൻ നൂറാനി എന്നിവർ നേതൃത്വം നൽകി. ഹിസ്റ്റോഗ്രാമിൻ്റെ ഭാഗമായി നേരത്തെ സംഘടിപ്പിച്ച കോൺഫാബ് പ്രീ- സിമ്പോസിയം സെഷനുകളിൽ ഡോ. മോയിൻ മലയമ്മ, സ്വാലിഹ് അഹ്സനി അരീക്കൽ പ്രാദേശിക ചരിത്രത്തെയും ശാഫിഈ കർമശാസ്ത്ര കൈമാറ്റങ്ങളെയും സഞ്ചാരത്തെയും അധികരിച്ച് വിഷയാവതരണങ്ങൾ നടത്തിയിരുന്നു. സമാപന സെഷനിൽ അരീക്കൽ സ്വാലിഹ് അഹ്സനിയുടെ അധ്യക്ഷതയിൽ ഡോ. അബ്ദുസ്സ്വബൂർ ബാഹസ്സൻ ഉദ്ഘാടനം ചെയ്തു. ശഫീഖ് ബുഖാരി ക്ലോസിംഗ് നോട്ട് അവതരിപ്പിച്ചു. ഇർശാദ് നൂറാനി സ്വാഗതവും ജുറൈജ് ഒളവട്ടൂർ നന്ദിയും പറഞ്ഞു. പത്തിലധികം കാമ്പസുകളിൽ നിന്നായി എഴുപത്തിലധികം ചരിത്ര വിദ്യാർത്ഥികൾ ഹിസ്റ്ററി ഫെസ്റ്റിവലിൻ്റെ ഭാഗമായി.ഫോട്ടോ: കാന്തപുരം ഇമാം റബ്ബനിയിൽ സംഘടിപ്പിച്ച ജാമിഅ മദീനത്തുന്നൂർ ഹിസ്റ്ററി ഫെസ്റ്റിവൽ, ഹിസ്റ്റോഗ്രാമിൽ ചരിത്രകാരൻ അഭിലാഷ് മലയിൽ വിഷയാവതരണം നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version