പൂനൂർ: റാബിതതു തലാമീദി ബഹ്റിൽ ഉലൂം (ഒ. കെ ഉസ്താദ് ശിഷ്യ കൂട്ടായ്മ) നൽകുന്ന ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് വീണ്ടും ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്. ജാമിഅ മദീനതുന്നൂർ മർകസ് ഗാർഡൻ അവസാന വർഷ വിദ്യാർഥിയായ ബുജൈർ ശാഫിയാണ് ഈ വർഷം അവാർഡിന് അർഹനായത്. രണ്ടാം തവണയാണ് ബുജൈർ ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ശാമിൽ ശുക്കൂർ നൂറാനിയുമാണ്. ഉസ്താദുൽ അസാതീദ് ഒ.കെ ഉസ്താദിന്റെ നാമത്തിൽ നൽകുന്ന അവാർഡ് ഈ വർഷം ‘ശറഹു അൽഫിയത് ഇബ്നു മാലിക്: മഖ്ദൂമുമാരുടെ രചന രീതി ശാസ്ത്രം’ എന്ന വിഷയത്തിൽ തയ്യാറാക്കിയ അറബി രിസാല അടിസ്ഥാനമാക്കിയായിരുന്നു. ഇത് മൂന്നാം തവണയാണ് ജാമിഅ മദീനതുന്നൂർ അവാർഡിന് അർഹമാവുന്നത്. കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനം ജാമിഅ മദീനത്തുന്നൂറിനായിരുന്നു.
ഒതുക്കുങ്ങലിൽ വെച്ച് നടക്കുന്ന ഒ.കെ ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറക് സമാപന വേദിയിൽ പ്രമുഖ പണ്ഡിതരുടെയും സാദത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അവാർഡ് സമ്മാനിക്കും.
വിജയികളെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും പ്രത്യേകം അഭിനന്ദിച്ചു. പഠനത്തോടുള്ള അതീവ താല്പര്യവും കഠിനാധ്വാനവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് ഉസ്താദുമാർ പ്രശംസിച്ചു. ബുജൈർ മലപ്പുറം ജില്ലയിലെ താനാളൂർ സ്വദേശികളായ ശാഫി ബാഖവി- ഹസീന മലയിൽ ദമ്പതികളുടെയും ശാമിൽ നൂറാനി പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി സ്വദേശികളായ അബ്ദുൽ ശുക്കൂർ-റെജുല ദമ്പതികളുടെയും മകനാണ്
