പൂനൂർ: സ്രഷ്ടാവിലേക്കുള്ള സമർപ്പിത ജീവിതം മനുഷ്യന് സുരക്ഷിതമായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു പരിപാടികൾ നടക്കുന്നത്. അതിൻ്റെ ഭാഗമായി നടന്ന കൾച്ചറൽ ഗാലയിൽ മദീനതുന്നൂറിന്റെ നാല്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 ൽ അധികം വിദ്യാർത്ഥികൾ അണിനിരന്നു. സ്വയം സുരക്ഷക്കും സാമൂഹിക സുരക്ഷക്കും മനുഷ്യൻ നിയമ-നിബന്ധനകൾക്ക് വിധേയപ്പെട്ട് ജീവിക്കൽ അനിവാര്യമാണെന്നും മനുഷ്യൻ അവൻ്റെ അപര്യാപ്തതകൾ പൂർത്തീകരിക്കുന്നതിന് സൃഷ്ടാവിലേക്ക് ആവശ്യമുള്ളവനാണെന്നുമുള്ള സന്ദേശങ്ങളെ ഗാല ആവിഷ്കരിച്ചു. അസർ നിസ്കാരാനന്തരം മർകസ് ഗാർഡനിൽ നിന്നാരംഭിച്ച കൾച്ചറൾ ഗാല പൂനൂരങ്ങാടിയുടെ സായാഹ്നത്തെ വർണാഭമാക്കി.
ഇസ്ലാമിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഗാലയുടെ സന്ദേശങ്ങൾ. പ്രകൃതി സൗഹൃദ നിർമ്മിതികളാണ് ഗാലയുടെ മറ്റൊരു സവിശേഷത. കളർ കോഡ് അടിസ്ഥാനത്തിലുള്ള പതാകയും ബാനറുകളും ശ്രദ്ധേയമായി. ഗാലയിൽ മികച്ച പെർഫോമൻസ് നടത്തിയ കുല്ലിയത്ത് മദീനതുന്നൂർ ഇമാം ഷാഫിഈ ക്യാമ്പസ് സ്റ്റാർ ക്യാമ്പസ് അവാർഡ് നേടി. കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസ് രണ്ടാം സ്ഥാനവും ഒമാനൂർ ശുഹദാ എഡ്യൂ ക്യാമ്പസ് മൂന്നാം സ്ഥാനവും നേടി.
