ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യു’25ന് പ്രൗഢ സമാപ്തി

പൂനൂർ: ‘വിധേയപ്പെടലിന്റെ സ്വാതന്ത്ര്യങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന ഈ വർഷത്തെ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളിൽ മദീനതുന്നൂറിന്റെ നാൽപ്പതിലധികം ക്യാമ്പസുകളിൽ നിന്നുള്ള 1700 അധികം വിദ്യാർത്ഥികൾ വ്യത്യസ്ത പരിപാടികളിൽ മത്സരിച്ചു. ശാഇരീ കലാം, ഗ്ലോബൽ ദർസ്, മൾട്ടി ലിംഗ്വൽ സ്പീച്ച്, പ്രോംപ്റ്റ് ക്രിയേഷൻ, ട്രീലിംഗ്വൽ ടൈപ്പിംഗ്, ആർക്കിടെക്ച്വറൽ ഫോട്ടോഗ്രഫി, ഫിലോസഫിക്കൽ സ്‌ലൈസ്, കാലിഗ്രഫിറ്റി, പോഡ്കാസ്റ്റ് തുടങ്ങിയ 200 ലേറെ മത്സരങ്ങളാണ് നടന്നത്. ഹസനിയ ഐക്കരപ്പടി(മൈനർ), ബൈത്തുൽ ഇസ്സ (പ്രീമിയർ,സബ്ജൂനിയർ), മർകസ് ഗാർഡൻ (ജൂനിയർ), മർകസ് ഗാർഡൻ പി.ജി 2 (സീനിയർ) എന്നീ ക്യാമ്പസുകൾ ഓരോ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി. സി.എം മർകസ് മമ്പീതി, ഹസനുൽ ബസരി മുട്ടം(മൈനർ), ഇമാം റബ്ബാനി ക്യാമ്പസ് കാന്തപുരം, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം(പ്രീമിയർ), ഇമാം റബ്ബാനി ക്യാമ്പസ് കാന്തപുരം, ഇമാം ഷാഫി ക്യാമ്പസ് ബുസ്താനാബാദ്(സബ്ജൂനിയർ), ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, ദാറുൽ ഹിദായ ഈങ്ങാപ്പുഴ(ജൂനിയർ), സയ്യിദ് മദനി കോളേജ് പി.ജി 2, മർകസ് ഗാർഡൻ പി.ജി 1 എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദിൽ റഷീദ്(ഹസനിയ ഐക്കരപ്പടി), അബ്ദുല്ല ഷാഹുൽ(ബൈത്തുൽ ഇസ്സ നരിക്കുനി), ഹംദാൻ ഹുസൈൻ (ഇസ്റ വാടാനപ്പള്ളി), അഫീഫ് അശ്റഫ്(മർകസ് ഗാർഡൻ പൂനൂർ), മിസ്ഹബ് മുസ്തഫ (മർകസ് ഗാർഡൻ പൂനൂർ) എന്നിവർ യഥാക്രമം മൈനർ, പ്രീമിയർ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായി.

ഡോക്ടർ കെയർ, എക്സ്പേർട്ട് കോൺവോസ്, എജ്യു ലോഗിൻ, കോസ്മോ സാപ്പിയൻ ആർട്ടിസ്റ്റിക് എക്സിബിഷൻ, രിസാലത്തുന്നൂറാനിയ, തിങ്ക് ലാബ്, റൈറ്റിംഗ് ക്ലിനിക്ക്, ട്രാങ്ക്വിൽ വെൽനസ് ഹബ്ബ് തുടങ്ങിയ അനുബന്ധ പരിപാടികളും നടന്നു. ഫെസ്റ്റിവലിൻ്റെ ഭാഗമായി രണ്ട് പാനൽ ഡിസ്കഷനുകളും സംഘടിപ്പിച്ചു. ആസഫ് അലവി നൂറാനി(പി.എച്ച്.ഡി. വിദ്യാർഥി, ശിവ് നാദർ യൂണിവേഴ്സിറ്റി ഡൽഹി), അഫീഫ് അഹമ്മദ്(പി.എച്ച്.ഡി. വിദ്യാർഥി, ഹാർവാർഡ് യൂണിവേഴ്സിറ്റി, അമേരിക്ക), അബ്ദുൽ മാജിദ് ഓ.പി(പി.എച്ച്.ഡി. വിദ്യാർഥി, മെക്ഗില്‍ യൂണിവേഴ്സിറ്റി, കാനഡ) എന്നിവർ ‘ലിബറേറ്റീവ് സബ്മിഷൻസ്: മതവിശ്വാസിയുടെ ആനന്ദം’ എന്ന വിഷയത്തിലും യൂസുഫ് നൂറാനി (സീനിയർ റിസർച്ച് ഫെലോ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി), അഹ്മദ് ഷെറീൻ (സൈക്കോളജിസ്റ്റ്), ഹുസൈൻ അഹമ്മദ് (റിസർച്ച് ഫെലോ, എൻ.ഐ.റ്റി കാലിക്കറ്റ്) എന്നിവർ ‘റീലും റിയലും ബ്രെയിൻ റോട്ടും: ആൽഫാ സീ ജെൻ കാലത്തെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിലും ചർച്ചകൾക്ക് നേതൃത്വം നൽകി.

ജാമിഅ മദീനത്തന്നൂർ വിദ്യാർത്ഥികൾ ഡെവലപ്പ് ചെയ്ത ഓർബിറ്റ് റോബോട്ട് 2.0 ഈ വർഷത്തെ ഫെസ്റ്റിവലിനെ ആകർഷണീയമാക്കി. വേദി 5 പ്രോഗ്രാം നിയന്ത്രിച്ചിരുന്നത് ഓർബിറ്റ് റോബോട്ടായിരുന്നു. മത്സരികളുടെ രെജിസ്ട്രേഷൻ ,കോഡ് ലെറ്റർ നൽകൽ ,പേപ്പർ അടക്കമുള്ള മത്സര സാമഗ്രികൾ നൽകൽ എല്ലാം റോബോട്ടാണ് ചെയ്തത്. കഴിഞ്ഞവർഷത്തെ പോലെ പേപ്പർലെസ് ഇവൻ്റ് മാനേജ്മെന്റ് സിസ്റ്റം – റൊൻ്റിവ്യു വർക്ക് സ്പേസ് വഴിയാണ് ഈ വർഷവും പ്രോഗ്രാമിന്റെ എല്ലാ പ്രൊസീജറുകളും നടന്നത്. അതിനോട് ചേർന്ന് സംവിധാനിച്ച ഗ്ലോക്കൽ പോയിൻ്റ് സിസ്റ്റം വിദ്യാർത്ഥികൾക്ക് വെർച്വൽ മണി അനുഭവിക്കാനുള്ള അവസരവുമൊരുക്കി.

ഫെസ്റ്റിവലിന്റെ സന്ദേശങ്ങൾ അറിയിച്ചുകൊണ്ട് പൂനൂർ അങ്ങാടിയിൽ സംഘടിപ്പിച്ച കൾച്ചറൽ ഗാല ജനശ്രദ്ധ നേടി. ഇസ്ലാമിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഗാല. കളർ കോഡുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത സംഘങ്ങളായി തിരിച്ച ഗാല എക്കോ ഫ്രണ്ട്‌ലി പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തിയത്. കുല്ലിയത് മദീനതുന്നൂർ ഇമാം ഷാഫി ക്യാമ്പസ് (മുജമ്മഅ്) ബുസ്താനബാദ് ഗാല സ്റ്റാർ ക്യാമ്പസ് അവാർഡ് നേടി. എക്സ്പീരിയ സയൻസ് എക്സ്പോക്ക് നൽകിയ അവാർഡ് മുട്ടം ഹസനുൽ ബസരി ക്യാമ്പസും നേടി.

എ.ഐ. കാലത്തെ പണ്ഡിത ദൗത്യത്തെക്കുറിച്ച് ജാമിഅ റെക്ടർ എ.പി അബ്ദുൽ ഹകീം അസ്ഹരി റെക്ടർ ടോക്ക് നടത്തി. എ ഐ ഉപയോഗിച്ചുള്ള അറിവ് അന്വേഷണത്തിന്റെ സാധ്യതകളും പരിമിതികളും ഉസ്താദ് ഉണർത്തി. ആർട്ടിഫിഷൽ ഇൻ്റലിജൻസിനെ മാത്രം ആശ്രയിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും വൈജ്ഞാനിക നിലവാരമില്ലായ്മക്ക് കാരണമാകും. അതിനാൽ ടെക്സ്ച്വൽ സംസ്കാരം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഉസ്താദ് പറഞ്ഞു. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുല്ലത്തീഫ് അഹദൽ അവേലം, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, അബു സ്വാലിഹ് സഖാഫി,അബ്ദുൽ ഖാദിർ മലയിൽ തുടങ്ങിയവർ വ്യത്യസ്ത സെഷനുകളിൽ അതിഥികളായി. നൂറാനികളിൽ നിന്നും മദീനതുന്നൂർ വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്ക് മെറിറ്റ് ഈവനിംഗിൽ അവാർഡുകൾ നൽകി.

സമാപന ചടങ്ങിൽ സയ്യിദ് ജുനൈദ് സഖാഫി പ്രാർത്ഥന നടത്തി. പ്രോഗ്രാം കമ്മിറ്റി (ടീം നസ്തലീഖ്) ക്യുറേറ്റർ – മിഖദാദ് അബ്ദുസ്സലാം സ്വാഗത ഭാഷണം നടത്തി. ഉസ്താദ് മുഹിയുദ്ദീൻ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ആസഫ് നൂറാനി വരപ്പാറ അധ്യക്ഷത വഹിച്ചു. ഷിബിലി ത്വാഹിർ നൂറാനി ക്ലോസിംഗ് നോട്ട് അവതരിപ്പിച്ചു. ഫെസ്റ്റിവൽ കോഡിനേറ്റർ ഫവാസ് അഹമദ് നന്ദി പറഞ്ഞു. മദീനതുന്നൂറിൻ്റെ വിവിധ ക്യാമ്പസുകളിലെ ഉസ്താദുമാരുടെയും മാനേജ്മെൻ്റ് ഭാരവാഹികളുടെയും സാന്നിധ്യം ശ്രദ്ധേയമായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version