കോഴിക്കോട്: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’24 യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി. ‘സെൻസിങ് ദ സ്പെയ്സസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ അതി സാങ്കേതിക വിദ്യയുടെയും മെഷീനറി ലേണിങ്ങിന്റെയും പുതിയ ലോകത്ത് മനുഷ്യ മനസ്സിന്റെ സാധ്യതകളെയും പരസ്പര അകലങ്ങളെയും പുനർവിചിന്തനം നടത്തുകയാണ്. മനുഷ്യർക്കും മനസ്സുകൾക്കുമിടയിലെ അകലങ്ങളെയും, ബന്ധങ്ങൾക്കിടയിലെ വിടവുകളെയും, വാക്കുകൾക്കിടയിലെ ഇടർച്ചകളെയുമൊക്കെകുറിച്ചുളള പര്യാലോചനകളും പരിഹാരങ്ങളുമാണ് പ്രമേയം ആവശ്യപ്പെടുന്നത്.
ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സൈക്ലോർ വെബിനാർ, കൾച്ചറൽ ഫെസ്റ്റ്, കോസ്മോ സാപ്പിയൻ ആർട്ട് എക്സിബിഷൻ,മീഡിയ വർക്ക് ഷോപ്പ്, എക്സ്പേർട്ട് ടോക്ക്, സയൻസ് ആർട്ട് ഗാല, മീറ്റ് ചാറ്റ് ബോട്ട്, വെൽനസ് കഫെ എന്നിവ നടക്കും.
അഞ്ച് കാറ്റഗറികളിലായി കേരളത്തിലെ ഇരുപത്തിയാറ് കാമ്പസുകളിൽ നിന്നായി ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റൊന്റിവ്യൂ’24 ഹോം മത്സരങ്ങൾ ജനുവരി 5, 6, 7 തിയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് നടക്കുക. ശാഇരി കലാം,കൊളോക്കിയം,കാലിഗ്രാഫിറ്റി,,ആർക്കിടക്ചറൽ ഫോട്ടോഗ്രാഫി,മസ്അല സൊല്യൂഷൻ ,ഹിഫ്ലുൽ മുത്തൂൻ , പ്രോംപ്റ്റ് ക്രിയേഷൻ, ശറഹുൽ മുതൂൻ തുടങ്ങിയ വ്യത്യസ്ത മത്സര പരിപാടികൾ നടക്കും. പ്രത്യേകം വികസിപ്പിച്ചെടുത്ത റൊന്റിവ്യൂ ഒഫീഷ്യൽ ആപ്പ് വഴി രെജിസ്ട്രേഷൻ ആരംഭിക്കുമെന്നും പൂർണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള സംഘാടനമായിരിക്കും റൊന്റിവ്യൂ’24 എന്നും കോഗ്നറ്റേഴ്സ് ടീം അറിയിച്ചു.
ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി
