പൂനൂർ: ജാമിഅ മദീനത്തുന്നൂർ മീലാദ് കാമ്പയിൻ സസ്റ്റാന്റിവോ’98 ന്റെ ഭാഗമായി “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാർ സീരീസിന് തുടക്കമായി. മർക്കസ് ഗാർസൻ പൂനൂർ കാമ്പസിൽ വെച്ച് നടന്ന ഉദ്ഘാടന സെഷൻ ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി അസ്സഖാഫി നിർവ്വഹിച്ചു. വിദ്യാഭ്യാസമില്ലെന്ന ആരോപണത്തിലൂടെ അപകർഷതാബോധം സൃഷ്ടിച്ച് വരേണ്യ മലയാളത്തിലേക്ക് മുസ്ലിം വിജ്ഞാനത്തെ ചുരുക്കാനാണ് പരിഷ്കരണവാദികൾ ശ്രമിച്ചത്. ഇതിലൂടെ സമ്പന്നമായ അറബി മലയാള ലോകം അവഗണിക്കപ്പെടുകയായിരുന്നു. മാത്രമല്ല കനപ്പെട്ട എത്ര വൈവിധ്യ മൗലിക ഗ്രന്ഥങ്ങൾ അറബിമലയാള കാലത്തപ്പോലെ പരിഷ്കരണ മലയാള ഇസ്ലാമിന് നൽകാനായെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അറബി മലയാളത്തിൽ വിരചിതമായിട്ടുള്ള
പത്തോളം നബി ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്ന സെമിനാറിൽ ശുജായി മൊയ്തു മുസ്‌ലിയാരുടെ ‘ഫത്ഹുൽ ഫത്താഹ് ഫീ സീറത്തി മൻ ബിഹിൽ ഫലാഹ്’ എന്ന ഗ്രന്ഥമാണ് ചർച്ച ചെയ്തത്. ഗ്രന്ഥകർത്താവിന്റെ രചനാ ലോകം, കൃതിയുടെ ഉള്ളടക്കം, താരതമ്യ പഠനം തുടങ്ങിയ മേഖലകളിൽ അനസ് അബ്ദുന്നാസർ, മുഹമ്മദലി അബൂബക്കർ, ജുനൈദ് സൂഫി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. മലബാർ ഫൗണ്ടേഷൻ ആർക്കൈവ് കോർഡിനേറ്റർ അഷ്റഫ് സഖാഫി പുന്നത്ത് പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി ലിറ്റററി ടോക്കും ഹെറിറ്റേജ് ആർക്കൈവ് ഉദ്ഘാടനവും നടന്നു. വാസ്വിൽ മുജീബ് സ്വാഗതവും ശാഹിദ് മോങ്ങം നന്ദിയും പറഞ്ഞു. ജാമിഅയുടെ വിവിധ ബാച്ചിലർ കാമ്പസുകളിൽ തുടർ സെമിനാറുകൾ നടക്കും.
ഫോട്ടോ: ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അസ്സഖാഫി സസ്റ്റാന്റിവോ അക്കാദമിക് സെമിനാർ സീരീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു
