ഫലസ്തീൻ ഐക്യദാർഢ്യങ്ങൾ മാനുഷികതയുടെ അടയാളങ്ങൾ

പൂനൂർ: ജാമിഅഃ മദീനത്തന്നൂർ ലൈഫ് ഫെസ്റ്റിവൽ റെൻ്റ്യുവു’ 24 വേദിയിൽ സയണിസം ഇസ്രായേൽ ലോബികൾ, അധിനിവേശത്തിന്റെ വേരുകൾ എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്കഷൻ ശ്രദ്ധേയമായി. പ്രസ്തുത പരിപാടിക്ക് മുസ്തഫ പി അറയ്ക്കൽ, ഇ.പി.എം. മുഹമ്മദ് സ്വാലിഹ് നൂറാനി എന്നിവർ നേതൃത്വം നൽകി. ഫലസ്തീൻ മുസ്ലീങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളും ഇസ്രായേൽ അധിനിവേശ താൽപര്യങ്ങളുടെ അനന്തര വിപത്തുകളെയുമെല്ലാം വളരെ ബൃഹത്തായി ചർച്ച ചെയ്തു. മുസ്ലിം വിരുദ്ധത എന്ന പ്രവണത ആഗോളതലത്തിൽ ഇന്ന് എല്ലാ തീവ്രവാദ രാഷ്ട്രീയവും ഉപയോഗിക്കുന്ന ആയുധമായി മാറിയിരിക്കുന്നുവെന്ന് മുസ്തഫ പി. എറയ്ക്കൽ അഭിപ്രായപ്പെട്ടു. ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾ ലോകരാജ്യങ്ങളിൽ വിവിധ തരത്തിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജാതിമത ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുകയും മാനുഷിക മൂല്യങ്ങളെ ഉയർത്തി കാണിക്കുകയും ചെയ്യുന്നു. ഇത്തരം ഐക്യദാർഢ്യ പരിപാടികൾ തങ്ങളുടെ സംഘടനകളുടെയും പാർട്ടികളുടെയും പ്രചാരണ മാർഗമായി സ്വീകരിക്കുന്ന ചില വിഭാഗങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കലുഷിത സാഹചര്യങ്ങളിൽ വൈകാരിക എടുത്തു ചാട്ടങ്ങൾക്കു പകരം ധൈഷണികമായ ഇടപെടലുകൾക്കാണ് മുൻഗണന നൽകേണ്ടതെന്നും, ക്രിയാത്മകമായ പ്രതിഷേധ പ്രവർത്തനങ്ങളും ഇസ്രായേൽ- ഫലസ്തീൻ സംഘർഷങ്ങളുടെ ചരിത്ര വർത്തമാന വസ്തുതകളെ കുറിച്ചുള്ള വൈജ്ഞാനിക അന്വേഷണങ്ങളുമാണ് വിദ്യാർത്ഥികൾ നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ നടത്തുന്ന അധികാര മേൽക്കോയ്മയെ ധിഷണാപരമായ എഴുത്തും വായനയും കൊണ്ട് പ്രതികരണം രേഖപ്പെടുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും ചർച്ച നിരീക്ഷിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version