കോഴിക്കോട്: ശാസ്ത്ര മേഖലയിൽ വിദ്യാർഥികളുടെ ഗവേഷണ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് IIT പാലക്കാട് സംഘടിപ്പിക്കുന്ന റീസേർച്ച് ഓറിയെന്റേഷൻ പ്രോഗ്രാം, SCIENCE QUEST’23 ലേക്ക് മദീനത്തുന്നൂർ വിദ്യാർത്ഥികൾക്ക് അവസരം. കുല്ലിയ്യതു മദീനത്തുന്നൂർ ബൈത്തുൽ ഇസ്സ സയൻസ് അക്കാദമിയിലെ ഫൗണ്ടേഷൻ ഫസ്റ്റ് ഇയർ വിദ്യാർഥികളായ ഹംസ സ്വാദിഖ്, റബീഅത് എന്നിവരാണ് നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത ആയിരത്തോളം വിദ്യാർത്ഥികളിൽ നിന്നും പ്രിലിമിനറി റൗണ്ടിൽ യോഗ്യത നേടിയ 30 വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാനുള്ള അവസരം. മെയ് 22 മുതൽ 31 വരെ IIT പാലക്കാട് വെച്ച് നടക്കുന്ന പരിപാടിയിൽ വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസർമാരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ, റിസർച് ഓറിയെന്റേഷൻ, സെമിനാറുകൾ, പ്രോജക്ട് വർക്കുകൾ തുടങ്ങിയവ നടക്കും. മലപ്പുറം കൊടിഞ്ഞി അബ്ദുല്ല-മൈമൂന ദമ്പതികളുടെ മകനായ ഹംസ സ്വാദിഖ് എട്ടാം ക്ലാസ് മുതലാണ് മദീനത്തുന്നൂറിന്റെ കീഴിൽ പഠനം തുടങ്ങുന്നത്, കാഞ്ഞങ്ങാട് പഴയകടപ്പുറം മുഹമ്മദ് ലത്തീഫി-സുമയ്യ ദമ്പതികളുടെ മകനായ റബീഅത് SSF കേരള സാഹിത്യോത്സവ് പ്രതിഭ കൂടിയാണ്. വിദ്യാർത്ഥികളെ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
SCIENCE QUEST’23: മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം
