മർകസ് ഗാർഡൻ : യൂറോപ്യൻ മാസ്റ്റേഴ്സ് ഇൻ മൈഗ്രേഷൻ ആൻഡ് ഇൻറർ കൾച്ചറൽ റിലേഷൻസ് സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ അവസാന വർഷ വിദ്യാർഥി അൻഷിഫ് അലിക്ക് അവസരം. അസ്ഹാദ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന കോൺഫറൻസിൽ ആഫ്രിക്കയിലെ യുവാക്കളുടെ കുടിയേറ്റത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ‘ഗുജറാത്തിലെ സിദ്ദിസ് വംശജർ; അവരുടെ ചരിത്രം, പാരമ്പര്യം, പ്രതിനിധാനം എന്നിവയുടെ സമഗ്ര വിശകലന‘ ത്തെ അധികരിച്ചാണ് പേപ്പർ അവതരിപ്പിക്കുന്നത്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഇന്ത്യയിലെത്തിച്ചേർന്ന ആഫ്രിക്കക്കാരുടെ പിൻഗാമികളായ, നിലവിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി, പ്രധാനമായും ഗുജറാത്തിൽ വസിക്കുന്ന വിഭാഗമാണ് സിദ്ധികൾ.ഫുള്ളി ഫണ്ടഡ് കോൺഫ്രൻസ് ഉഗാണ്ടയിൽ വെച്ച് നവംബർ 28 മുതൽ 30 വരെയാണ് നടക്കുന്നത്.യൂറോപ്പ്യൻ യൂണിയനാണ് ഫണ്ട് നൽകുന്നത്.
നേരത്തെ മണിപ്പാൽ സെന്റർ ഫോർ ഹ്യൂമാനിറ്റീസിന്റെ സമ്മർ സ്കൂൾ 2023 ൽ അൻഷിഫ് അലി പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലയിലെ തൃപ്പനച്ചി സ്വദേശികളായ അലി എക്കാടൻ – ആയിഷ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ-റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അകാദമിക് കൗൺസിലും വിദ്യാർത്ഥിയെ പ്രത്യേകം അഭിനന്ദിച്ചു. മൈഗ്രേഷൻ സ്റ്റഡീസിൽ ഉന്നത പഠനം നടത്തുകയാണ് അദ്ധേഹത്തിന്റെ ആഗ്രഹം. കോൺഫറൻസിൽ പങ്കെടുക്കാൻ 27 ന് കേരളത്തിൽ നിന്നും യാത്ര തിരിക്കും.
